മണിപ്പൂർ വിഷയം: യോഗം ചേരാൻ പ്രതിപക്ഷ വിശാല സഖ്യം ഇന്ത്യ

ന്യൂഡൽഹി: പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ (ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ്) ചൊവ്വാഴ്ച്ച യോഗം ചേരും. മല്ലികാർജ്ജുൻ ഖാർഗെയുടെ ഓഫീസിലാണ് യോഗം ചേരുകയെന്നാണ് റിപ്പോർട്ട്. പാർലമെന്റിൽ മണിപ്പൂർ അടക്കമുളള വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാട് യോഗം ചർച്ച ചെയ്യും. 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായാണ് പ്രതിപക്ഷ വിശാല സഖ്യം രൂപീകരിച്ചത്. 26 പ്രതിപക്ഷ പാർട്ടികളാണ് സഖ്യത്തിലുള്ളത്.

പ്രതിപക്ഷ നേതൃനിരയുടെ ഏകോപനത്തിനായി 11 അംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നേരത്തെ വ്യക്തമാക്കിയിരുന്നു. ജനാധിപത്യം സംരക്ഷിക്കാനാണ് അഭിപ്രായ ഭിന്നതകൾ മാറ്റി വച്ച് ഒന്നിച്ചതെന്നും ഖാർഗെ അറിയിച്ചു. ‘ഇന്ത്യ’ സഖ്യത്തെ ജയിക്കാൻ ധൈര്യമുണ്ടോ എന്ന് കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചിരുന്നു.

26 പാർട്ടികളും സംയുക്തമായി ഒരു പൊതുമിനിമം അജണ്ട മുന്നോട്ട് വച്ച് ഒറ്റ സഖ്യമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു ദിവസങ്ങൾക്കു മുമ്പ് നടന്ന യോഗത്തിന് ശേഷം പാർട്ടി നേതാക്കൾ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലെ പ്രഖ്യാപനം..