കോഴിക്കോട്: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ഇ പി ജയരാജനെ പോലെയൊരാൾ പാർട്ടിയിലേക്ക് കടന്നുവരാൻ തയാറായാൽ തങ്ങൾ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഹസൻ വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇ പി ജയരാജനെ പോലെയൊരാൾ മാർക്സിസ്റ്റ് പാർട്ടിയുടെ സർവാധിപത്യത്തിനും ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങൾക്കുമെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിന്റെ അടിസ്ഥാന തത്വങ്ങളിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസിലേക്ക് കടന്നുവരാൻ തയാറായാൽ തങ്ങൾ ആലോചിക്കുമെന്നും അതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശോഭാ സുരേന്ദ്രനെ ഉൾക്കൊള്ളുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ വർഗീയ ഫാഷിസത്തിലും അടിസ്ഥാന നയങ്ങളിലും വിയോജിപ്പ് പ്രകടിപ്പിച്ച് രാഷ്ട്രീയ ശുദ്ധവായു ശ്വസിക്കാൻ തയാറായാൽ ശോഭാ സുരേന്ദ്രനെ ഉൾക്കൊള്ളുന്നത് തങ്ങൾ ആലോചിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഏക സിവിൽകോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിൽ നിന്ന് ഇ പി ജയരാജൻ വിട്ടുനിന്നിരുന്നു. ഇത് വലിയ വിവാദമായ സാഹചര്യത്തിലാണ് ഹസന്റെ പരാമർശം ശ്രദ്ധേയമാകുന്നത്.

