ന്യൂഡൽഹി: വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. ട്രെയിനിന്റെ സ്റ്റോപ്പ് തീരുമാനിക്കേണ്ടത് തങ്ങളല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹർജി തള്ളിയത്.
തിരൂർ സ്വദേശി പി.ടി. ഷീജിഷ് ആണ് തിരൂരിൽ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. രാഷ്ട്രീയ കാരണങ്ങളാലാണ് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ അനുവദിക്കുന്നത് നയപരമായ തീരുമാനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ ആവശ്യപ്പെടുന്നത് വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നാണ്. നാളെ മറ്റാരെങ്കിലും രാജധാനി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് എത്തിയാൽ കോടതിക്ക് എന്തുചെയ്യാനാകുമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഹർജിക്കാരന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത് അഭിഭാഷകരായ ശ്രീറാം പറക്കാട്, എം.എസ്. വിഷ്ണു ശങ്കർ എന്നിവരാണ്. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. റെയിൽവേ പുറത്തിറക്കിയ ആദ്യ ടൈം ടേബിൾ പ്രകാരം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിക്കുകയും ഷൊർണൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്‌തെന്ന് ഹർജിയിൽ പറഞ്ഞിരുന്നു.

