തിരുവനന്തപുരം: കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി വിവിധ യൂണിയനുകൾ. സിഎംഡിയുടെ അവകാശവാദം തെറ്റാണെന്നും പ്രതിസന്ധിക്ക് കാരണം തങ്ങളല്ലെന്നും യൂണിയനുകൾ വ്യക്തമാക്കി. ഇടതുപക്ഷ സർക്കാരാണ് കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാടെടുത്തതെന്നാണ് സിഐടിയു ജനറൽ സെക്രട്ടറി വിനോദ് വ്യക്തമാക്കിയത്.
ധനവകുപ്പിന്റെ സഹായത്തോടെയാണ് കെഎസ്ആർടിസി മുന്നോട്ടുപോകുന്നത്. ഉന്നത തലങ്ങളിൽ അഴിമതിയുണ്ടെന്ന് സിഐടിയു നേരത്തെ സർക്കാരിനെ അറിയിച്ചതാണ്. ട്രേഡ് യൂണിയനുകളാണ് കുഴപ്പം എന്ന പ്രചാരണം നേരത്തെ ഉയർന്നത്. അതിനാൽ വളരെ കരുതലോടെയാണ് സംഘടന മുന്നോട്ട് പോകുന്നത്. മാനേജ്‌മെന്റ് താൽപര്യം മാത്രം നടപ്പാക്കാൻ ശ്രമിച്ചപ്പോൾ എതിർത്തു. ബാങ്കുകൾക്ക് നൽകിയ കത്ത് ജനാധിപത്യ വിരുദ്ധമാണ്.
യൂണിയൻ ഫണ്ട് പിരിക്കുക തന്നെ ചെയ്യും. സമാന്തര പ്രവർത്തനം നടത്തുന്നു എന്നത് ശരിയല്ല. വാക്കുകളിൽ തന്നെ പൊള്ളത്തരമാണ് ഇത്. ട്രേഡ് യൂണിയനിൽ കുറ്റം ചാർത്തേണ്ട സാഹചര്യം ഇല്ല. ഇത്രയും ധനകാര്യ സാഹായം നൽകിയ ഏത് ഗവൺമെന്റാണ് വേറെയുള്ളത്. എല്ലാ മാസവും 50 കോടി നൽകുമെന്ന് പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം അറിയിച്ചു.

