കോഴിക്കോട്: കോഴിക്കോട്ടെ മിഠായിത്തെരുവിലെ കടകളിൽ പരിശോധന നടത്തി ജിഎസ്ടി വകുപ്പ്. 27 കോടിയുടെ നികുതി വെട്ടിപ്പാണ് പരിശോധനയിൽ കണ്ടെത്തിയത്. വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മേഖലയിൽ പരിശോധന നടത്തിയത്. അതേസമയം, പരിശോധനക്കെത്തിയ ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിട്ടു.
മിഠായിത്തെരുവിലെ 20 കടകളിലാണ് പരിശോധന നടന്നത്. ഈ കടകളുടെ ഉടമസ്ഥരുടെ വീടുകളിലും പരിശോധന നടന്നു. കോഴിക്കോട്ടെ നാല് വീടുകളിലും മലപ്പുറത്തെ ഒരു വീട്ടിലുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ജിഎസ്ടി ഇന്റലിജൻസ് ജോയിന്റ് കമ്മിഷണർ ടി എ. അശോകൻ അറിയിച്ചു.
രാജസ്ഥാനിൽ നിന്നും ഗുജറാത്തിൽ നിന്നും നികുതി അടച്ച് ചരക്ക് കൊണ്ടു വരുന്നതായി വ്യാജ രേഖയുണ്ടാക്കിയാണ് നികുതി വെട്ടിപ്പ് നടന്നിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടു വന്നിരുന്ന ചരക്കിന് സ്ഥാപന ഉടമസ്ഥർ നികുതി നൽകിയിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സാധനങ്ങൾ വാങ്ങിയ സംസ്ഥാനത്ത് തന്നെ നികുതി നൽകിയ വിവരങ്ങളും ഓൺലൈനായി രേഖപ്പെടുത്തും. പിന്നീട് കച്ചവടക്കാർക്ക് കേരളത്തിൽ നികുതി നൽകേണ്ടതില്ല. ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രേഖപ്പെടുത്തിയ സാധനങ്ങളൊന്നും സ്ഥാപനങ്ങളിൽ എത്തിയില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

