ബഹിരാകാശ പര്യവേഷണത്തിലെ സുപ്രധാന നാഴികക്കല്ല്; ചന്ദ്രയാൻ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പ്രശംസിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: ബഹിരാകാശ പര്യവേഷണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ചന്ദ്രയാൻ-3 എന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ചന്ദ്രയാൻ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് രാഷ്ട്രപതി അഭിനന്ദനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഷ്ട്രപതിയുടെ പ്രതികരണം. ബഹിരാകാശ പര്യവേഷണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട് ഇന്ത്യ ചന്ദ്രയാൻ-3 വിജയകരമായി വിക്ഷേപിച്ചു. ഈ നേട്ടം കൈവരിക്കാൻ പ്രയത്‌നിച്ച ഐസ്ആർഒ ടീമിനും മറ്റെല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നുവെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

പുരോഗതിയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കുന്നതെന്നും ദ്രൗപതിമുർമു വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിക്ഷേപണം നടന്നത്. ചന്ദ്രയാനിന്റെ റോവർ ഈ വരുന്ന ഓഗസ്റ്റ് 24 ന് ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ എസ് ആർ ഓ യുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി എസ് എൽ വി മാർക്ക് 3 എന്ന എൽ വി എമ്മാണ് ചന്ദ്രയാനെ അതിന്റെ ഭ്രമണപഥത്തിൽ എത്തിക്കുന്നത്.പേടകം ആദ്യം ഭൂമിയെ സ്വയം ചുറ്റി ഭ്രമണപഥം ഉയർത്തും. പിന്നീട് 6 ദിവസങ്ങൾക്ക് ശേഷമായിരിക്കും ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത്.പേടകത്തിന് ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്താൻ 40 ദിവസം സഞ്ചരിക്കേണ്ടി വരും. ശേഷം ലാൻഡർ വേർപെട്ട് ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്തതിനു ശേഷമാണ് അതിലെ റോവർ പുറത്തിറങ്ങി ചന്ദ്രന്റെ മണ്ണിൽ പരീക്ഷണം നടത്തുന്നത്.

അതേസമയം, ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും ആത്മാർത്ഥമായി സഹകരിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. ബഹിരാകാശ യാത്രയിൽ ചന്ദ്രയാൻ-3 ഒരു പുതിയ അദ്ധ്യായം കുറിയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു