യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരും; വിവാദ പരാമർശവുമായി പി വി അൻവർ

തിരുവനന്തപുരം: യൂട്യൂബർമാർക്കെതിരെ വിവാദ പരാമർശവുമായി പി വി അൻവർ എംഎൽഎ. യൂട്യൂബർമാരിൽ ഭൂരിഭാഗവും തെമ്മാടികളും സാമൂഹ്യവിരുദ്ധന്മാരുമാണെന്ന് പി വി അൻവർ പറഞ്ഞു. യട്യൂബർമാർ കേരളത്തിലെ സാമുദായിക സൗഹൃദം തകർക്കുകയാണ്. മതേതര കേരളം നശിപ്പിക്കുന്നതിന് അവർക്കൊരു വേവലാതിയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യഥാർത്ഥ മാദ്ധ്യമങ്ങളെ അങ്ങേയറ്റം ബഹുമാനിക്കുന്നു. ജനാധിപത്യം നല്ലരീതിയിൽ മുന്നോട്ടുപോകാൻ അവർ വേണം. എന്നാൽ മാദ്ധ്യമപ്രവർത്തനം അധിക്ഷേപമായി മാറുകയും വ്യക്തിഹത്യയായി മാറുകയും പണമുണ്ടാക്കാനുള്ള മാർഗമായും ബ്ലാക്ക് മെയിൽ ചെയ്യാനുള്ള മാർഗമായി മാറ്റുകയും ചെയ്യുന്ന സാമൂഹ്യവിരുദ്ധരാണ് യൂട്യൂബർമാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചാനൽ വഴി വർഗീയത വിളമ്പിയാൽ വ്യൂവർഷിപ്പ് കൂടും. അതുവഴി പണമുണ്ടാക്കാം എന്നതാണ് യൂട്യൂബർമാരുടെ ലക്ഷ്യം. മുസ്ലീമിനെക്കുറിച്ച് പറഞ്ഞാൽ കേരളത്തിലെ ഹിന്ദു കാണും. എന്താണ് പറഞ്ഞതെന്നറിയാൻ മുസ്ലീങ്ങളും അത് കാണും. ക്രിസ്ത്യാനികളും കാണും. ഹിന്ദുക്കളെക്കുറിച്ചും അങ്ങനെ തന്നെയാണ്. യൂട്യൂബ് മാദ്ധ്യമങ്ങളുടെ വ്യക്തിത്വം കേരളം കാണാൻ പോകുകയാണ്. പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് രാജ്യത്തെ പൊലീസിന്റെയും ഡിഫൻസിന്റെയുമടക്കം രഹസ്യങ്ങൾ വിദേശരാജ്യത്തേക്ക് കടത്തി കൊണ്ടുപോയി ഇവർ പണമുണ്ടാക്കുകയാണെന്നും ഇതിനെക്കുറിച്ച് പൊലീസും കേന്ദ്ര ഏജൻസികളും അന്വേഷിക്കണമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.