കൊച്ചി: മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കേസിലെ ആറ് പ്രതികളുടെ ശിക്ഷയാണ് കൊച്ചി എൻഐഎ കോടതി വിധിച്ചത്. രണ്ടാംപ്രതി മൂവാറ്റുപുഴ സ്വദേശി സജിൽ(36), മൂന്നാംപ്രതി ആലുവ സ്വദേശി എം കെനാസർ(48), അഞ്ചാംപ്രതി കടുങ്ങല്ലൂർ സ്വദേശി നജീബ്(42) എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ബാക്കി മൂന്ന് പ്രതികൾക്ക് മൂന്നുവർഷത്തെ തടവാണ് ശിക്ഷ.
കേസിലെ ഒമ്പതാംപ്രതി ആലുവ സ്വദേശി എം കെ നൗഷാദ്, 11-ാം പ്രതി ആലുവ സ്വദേശി പി പി മൊയ്തീൻകുഞ്ഞ്, 12-ാം പ്രതി ആലുവ സ്വദേശി പി എം അയൂബ് എന്നിവർക്കാണ് മൂന്നുവർഷത്തെ തടവു ശിക്ഷ ലഭിച്ചത്. ഇവർക്ക് കോടതി ജാമ്യം നൽകുകയും ചെയ്തു.
പ്രതികൾക്ക് ഏത് തരത്തിലുള്ള ശിക്ഷ ലഭിച്ചാലും അത് തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന് ടി ജെ ജോസഫ് പ്രതികരിച്ചു. പ്രതികളെ ശിക്ഷിക്കുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് ശമനമുണ്ടാകുമോ എന്ന് ഇവിടുത്തെ രാഷ്ട്രീയ നിരീക്ഷകരും നിയമജ്ഞരും പറയും. അതിലും തനിക്ക് അഭിപ്രായം പറയാനില്ലെന്ന് അദ്ദേഹം വിശദമാക്കി.
ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിൽ കഴിഞ്ഞ ദിവസമാണ് കോടതി രണ്ടാംഘട്ട വിധി പ്രസ്താവം നടത്തിയത്. ആറ് പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തൽ. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് തുടങ്ങിയവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ തുടങ്ങിയ അഞ്ചു പ്രതികളെ കോടതി വെറുതെ വിട്ടു.
കേസിൽ ഭീകരപ്രവർത്തനം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും എൻഐഎ കോടതി ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെട്ട 6 പേരുടെയും ജാമ്യം റദ്ദാക്കണമെന്നാണ് കോടതി നിർദ്ദേശം. ഇവരെ കാക്കനാട് ജയിലിൽ പാർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തൊടുപുഴ ന്യൂമാൻ കോളജിലെ ബികോം മലയാളം ഇന്റേണൽ പരീക്ഷയ്ക്ക് തയാറാക്കിയ ചോദ്യപേപ്പറിൽ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികൾ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയത്.

