സിൽവർലൈനിന് ബദൽ പദ്ധതിയൊരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളിൽ സംശയങ്ങളുണ്ട്; ആരോപണവുമായി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. സിൽവർലൈനിന് ബദൽ പദ്ധതിയൊരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കങ്ങളിൽ സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബദൽ പദ്ധതിയെ കുറിച്ച് പഠിക്കാതെ ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ കഴിയില്ലെങ്കിലും ഡൽഹിയിലെ സർക്കാർ പ്രതിനിധിയായ കെ വി തോമസിനെ മുന്നിൽ നിർത്തിയുള്ള നീക്കങ്ങളിൽ സംശയമുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി.

ഒരു പദ്ധതി വരുമ്പോൾ തന്നെ അതിനെ കുറിച്ച് കയറി അഭിപ്രായം പറയേണ്ടതില്ല. അതിന്റെ ഡിപിആർ വരട്ടെ. എന്നാൽ അത് സംബന്ധിച്ച് ചില സംശയങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കെ വി തോമസ് ഒരു ദിവസം ശ്രീധരന്റെ വീട്ടിൽ എത്തുന്നു. അവിടെ നിന്ന് ഭക്ഷണം കഴിച്ച്, സിൽവർലൈൻ നടപ്പാക്കാനുള്ള സഹായം തേടുന്നു. സിൽവർലൈൻ പ്രായോഗികമല്ലെന്നും മറ്റു ചില നിർദേശങ്ങൾ ഞാൻ തരാമെന്നും ശ്രീധരൻ പറയുന്നു. അടുത്ത ദിവസം തന്നെ ശ്രീധരൻ കുറിപ്പ് നൽകുന്നു. ഇത്രയേറെ കോടികൾ ചെലവ് വരുന്ന പദ്ധതിയുടെ കുറിപ്പാണ് ഒരു ദിവസത്തിനുള്ളിൽ നൽകുന്നത്. കുറിപ്പ് ഡൽഹിയിലെത്തിയ സമയത്ത് തന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ശ്രീധരനെ കാണുന്നു. ഇത് അതിവേഗ റെയിൽപാതയുടെ കുറിപ്പാണോ അതോ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയ്ക്കാനുള്ള പാതയുടെ കുറിപ്പാണോ എന്ന് അറിയേണ്ടതുണ്ടെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു.

ഇത് കോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള ഡൽഹി-തിരുവനന്തപുരം അതിവേഗ റെയിൽപാതയുടെ കുറിപ്പാണെന്ന സംശയം തങ്ങൾക്കുണ്ട്. എന്നാൽ, ഇപ്പോൾ പദ്ധതിയെ കുറിച്ച് തങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.