ആംബുലൻസ് സർവീസ് നടത്താൻ വൈകി; ചികിത്സ വൈകി രോഗി മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ

കൊച്ചി: ആംബുലൻസ് സർവീസ് നടത്താൻ വൈകിയതിനാൽ രോഗി മരണപ്പെട്ടുവെന്ന് പരാതി. വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. പനി ബാധിച്ച് അവശനിലയിൽ ആശുപത്രിമാറ്റത്തിന് ശ്രമിക്കവേയാണ് അസ്മ മരിച്ചത്. മുഴുവൻ പണവും നൽകാതെ ആംബുലൻസ് സർവീസ് നടത്തില്ലെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചത് മൂലം കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയാണ് അസ്മ മരിച്ചെതന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

പനി കൂടിയതിനെ തുടർന്ന് അസ്മയെ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ, ആരോഗ്യനില വഷളായതോടെ അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിനായി കെഎൽ 01 ബിഎ 5584 എന്ന നമ്പറിലുള്ള ആംബുലൻസിനെ സമീപിച്ചു. രോഗിയെ ആംബുലൻസിൽ കയറ്റിയ ശേഷം ഡ്രൈവർ 900 രൂപ ആവശ്യപ്പെട്ടുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 700 രൂപ മാത്രമേ കൈവശമുള്ളുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതോടെ ആംബുലൻസിന്റെ സേവനം ലഭ്യമാകില്ലെന്ന് ഡ്രൈവർ ബന്ധുക്കളെ അറിയിച്ചു. ബാക്കി തുക ബൈക്ക് മാർഗം എത്തിച്ച് നൽകാമെന്ന് അറിയിച്ചിട്ടും ഡ്രൈവർ വഴങ്ങിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

ബാക്കി പണമെത്തിച്ച് ആംബുലൻസ് ജനറൽ ആശുപത്രിയിലേയ്ക്ക് തിരിച്ചപ്പോഴേക്കും അരമണിക്കൂർ കഴിഞ്ഞു. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രോഗി മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവറുടെ അനാസ്ഥ മൂലമാണ് രോഗി സമയത്ത് ചികിത്സ കിട്ടാതെ മരിച്ചതെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തിയത്.