കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ജൂലൈ 12ന് ആരംഭിക്കും

തിരുവനന്തപുരം : കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ജൂലൈ 12 (തിങ്കള്‍) മുതല്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു. കര്‍ണ്ണാടകത്തില്‍ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താനാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സര്‍വ്വീസുകളാണ് കോഴിക്കോട് – കാസര്‍ഗോഡ് വഴി കെഎസ്ആര്‍ടിസി നടത്തുക.എന്നാല്‍ പാലക്കാട് – സേലം വഴിയുള്ള സര്‍വ്വീസുകള്‍ ഇപ്പോള്‍ ആരംഭിക്കുന്നില്ലെന്നും, കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ടാകും സര്‍വ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളവും സര്‍വീസ് സംബന്ധമായ വിവരങ്ങളും ഇനി മുതല്‍ ജി-സ്പാര്‍ക്ക് വഴി ഓണ്‍ലൈന്‍ ആയി ലഭ്യമാക്കും.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നതു പോലെ ഇനി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും അവരുടെ ലീവ്, ശമ്പളം, പി.ഫ് തുടങ്ങിയ എല്ലാ വിവരങ്ങളും ഇതോടുകൂടി വിരല്‍തുമ്പില്‍ ലഭ്യമാകും.