തിരുവനന്തപുരം: കോൺഗ്രസിലും യുഡിഎഫിലും പൊളിച്ചെഴുത്തിന് സാധ്യതയുണ്ടെന്ന് പി.ടി.തോമസ് എംഎൽഎ. പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ നിയമിച്ചത് സ്വാഗതാർഹമാണ്.അഭിപ്രായരൂപീകരണത്തിന് ശേഷമുള്ള തീരുമാനമാണ് സതീശന്റെ നിയമനം. അതിന് തലമുറ മാറ്റമെന്ന് വേണമെങ്കിൽ പറയാം. ഹൈക്കമാൻഡാണ് അക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത്.ഗ്രൂപ്പിന് അതീതനായി പ്രവർത്തിക്കുന്നുവെന്ന് തെളിയിക്കേണ്ടത് സതീശനാണെന്നും പി.ടി.തോമസ് പറഞ്ഞു.
ഗ്രൂപ്പുകൾക്കതീതമായി പ്രവർത്തിക്കാനും നിലപാടിൽ ഉറച്ച് നിൽക്കാനും സാധിച്ചാൽ നല്ലൊരു പ്രതിപക്ഷനേതാവായി സതീശൻ മാറുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ തന്റെ ഓരോ പ്രവർത്തനമേഖലയിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സതീശൻ. നിയമസഭയ്ക്കകത്തും പുറത്തും അദ്ദേഹത്തിന് മികച്ച പ്രവർത്തന പരിചയമുണ്ടെന്നും തോമസ് വ്യക്തമാക്കി.രമേശ് ചെന്നിത്തല തുടരണമെന്ന് ചിലർക്ക് അഭിപ്രായമുണ്ടായിരുന്നു.
താനടക്കമുള്ള മറ്റുചിലരുടെ പേരുകളും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നു. പാർട്ടി ഒരു തീരുമാനമെടുത്താൽ അതിനൊപ്പം ഉറച്ച് നിൽക്കുക എന്നതാണ് നിലപാടെന്നും പി.ടി.തോമസ് പറഞ്ഞു.’കേരളത്തിൽ ഏറ്റവും ശക്തമായി ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് ഞാൻ. എന്നാൽ 2009 മുതൽ തനിക്ക് അത്തരമൊരു പ്രവർത്തനമില്ല.
പാർട്ടിയെ വലിയ കുഴപ്പത്തിലേക്ക് ഗ്രൂപ്പിസം നയിക്കുമെന്ന വിശ്വാസത്തിലാണ് പിൻമാറിയത്. ഗ്രൂപ്പുകൾക്കതീതമായിട്ടാണ് നിൽക്കുന്നതെന്ന് സതീശൻ പ്രവർത്തനങ്ങളിലൂടെ തെളിയിക്കേണ്ട കാര്യമാണ്. അപ്പോൾ മാത്രമേ നമുക്കതിനെ വിലയിരുത്തനാകൂ’ പി.ടി.തോമസ് പറഞ്ഞു.