പ്രളയത്തില്‍ രക്ഷയൊരുക്കിയ മത്സ്യത്തൊഴിലാളികളോട് ഒരുപാട് കടപ്പാടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് ലഭിച്ചതില്‍ ആത്മാര്‍ത്ഥമായ സന്തോഷമാണുള്ളതെന്ന് മന്ത്രി സജി ചെറിയാന്‍. പ്രളയത്തില്‍ രക്ഷയൊരുക്കിയ കൈകളോട് ഒരുപാട് കടപ്പാടാണുള്ളതെന്നും ചെലവുകുറഞ്ഞ നിലയില്‍ അഞ്ച് വര്‍ഷം കൊണ്ട് എങ്ങിനെ തീരസംരക്ഷണം ഉറപ്പാക്കാമെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരായ രാജീവും റോഷി അഗസ്റ്റിനും താനും ഉള്‍പ്പെട്ട യോഗം നാളെ നടക്കുമെന്നും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുംമെന്നും അദ്ദേഹം അറിയിച്ചു. കരിമണല്‍ ഖനനത്തിന് കേരളത്തിന്റെ തീരത്ത് ആര്‍ക്കും അനുവാദം കൊടുത്തിട്ടില്ലെന്ന് ജാക്‌സണ്‍ പൊള്ളയിലിന്റെ ചോദ്യത്തിനുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. തീരദേശത്തേക്ക് പോയി പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കി പരിഹരിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുന്നതാണ്. കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ വരുന്നതാണ് കടല്‍. കേരളത്തിന്റെ തീരമേഖലയില്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ മനസിലാക്കി അവരുടെ പിന്തുണയോടെ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ചില പ്രദേശത്ത് പുലിമുട്ട് ഇട്ടെങ്കിലേ തീരം സംരക്ഷിക്കാനാവൂ. എത്ര പുലിമുട്ട് വേണമെന്ന കാര്യത്തില്‍ പല നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല, സംസ്ഥാനത്ത് സീരിയല്‍ സെന്‍സറിങ് ഗൗരവമായി പരിശോധിക്കും. കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.