തിരുവനന്തപുരം: മാധ്യമ വേട്ടക്കെതിരെയുള്ള നിലപാടുകളുടെ പേരിൽ നവമാധ്യമങ്ങളിൽ കോൺഗ്രസിനെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. ‘നിങ്ങളുടെ അഭിപ്രായങ്ങളോട് ഞാൻ യോജിക്കുന്നില്ല. പക്ഷേ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരണം വരെ ഞാൻ നിലകൊള്ളും’ എന്ന വോൾട്ടറുടെ ചിന്താശകലം പങ്കുവെച്ചാണ് അദ്ദേഹത്തിന്റെ പരാമർശം.
മാധ്യമ വേട്ടക്കെതിരെയുള്ള നിലപാടുകളുടെ പേരിൽ ചില നവമാധ്യമങ്ങളിൽ കോൺഗ്രസിനെതിരെ ചെറിയ ചില പ്രചാരണങ്ങൾ നടക്കുന്നത് ശ്രദ്ധയിൽ പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ശരിയാണ്. കേരളത്തിലെ പല മാധ്യമങ്ങളും ഒരുകാലത്തും കോൺഗ്രസിന് ഒപ്പം നിന്നിട്ടില്ല. കോൺഗ്രസിനെതിരെ സത്യവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചവരാണ് മാധ്യമങ്ങളിൽ പലതുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മാധ്യമങ്ങൾ എപ്പോഴും ജനങ്ങളുടെ ശബ്ദമാണ്. അവർക്ക് തെറ്റ് സംഭവിക്കുമ്പോൾ അത് ചൂണ്ടിക്കാണിക്കുവാനും നിയമ നടപടികൾ എടുക്കുവാനും ഇവിടെയൊരു സംവിധാനമുണ്ട്. ഏതെങ്കിലും മാധ്യമങ്ങൾ വർഗ്ഗീയ പ്രചാരണങ്ങളും വ്യാജ പ്രചാരണങ്ങളും നടത്തിയാൽ അവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം എന്നതാണ് കോൺഗ്രസിന്റെ നിലപാട്. എന്നാൽ വർഗീയ-വ്യാജ പ്രചാരണങ്ങൾ നടക്കുമ്പോൾ കൈയ്യുംകെട്ടി നോക്കി നിൽക്കുകയും സർക്കാരിന്റെ അഴിമതികൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുമ്പോൾ കള്ളക്കേസിൽ കുടുക്കി വേട്ടയാടുകയും ചെയ്യുന്നതിനോട് കോൺഗ്രസിന് യോജിപ്പില്ല. പ്രമുഖ ഓൺലൈൻ മാധ്യമത്തിനെതിരെ കേസെടുത്തിരിക്കുന്ന വകുപ്പുകൾ നിലനിൽക്കില്ലെന്ന് സുപ്രീംകോടതി തന്നെ ഇന്ന് വ്യക്തമാക്കിയിരിക്കുമ്പോൾ ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാട് പൊതുസമൂഹത്തിന് ബോധ്യമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കള്ള പ്രചാരണങ്ങളും വർഗ്ഗീയ പ്രചാരണങ്ങളും ഏതു മാധ്യമം നടത്തിയാലും ഉചിതമായ നടപടികൾ സ്വീകരിച്ചിരിക്കണം. ഒരു മാധ്യമത്തിന്റെയും അത്തരം നീക്കങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാകില്ല. എന്നാൽ അടിമുടി ക്രിമിനലുകളായ സിപിഎം നേതാക്കളുടെ അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ആരെ വേട്ടയാടാൻ ഇറങ്ങിയാലും ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശരിയുടെ പക്ഷത്ത്, നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

