ജറുസലം: ഹമാസിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിൽ മിന്നലാക്രമണം നടത്തിയ ഹമാസ് കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. പിഞ്ചുകുഞ്ഞുങ്ങളോടു കാട്ടിയ കൊടുംക്രൂരതയുടെ ഭീകര ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പുറത്തു വിടുകയും ചെയ്തു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ നെതന്യാഹു കാണിച്ച ചിത്രങ്ങളിൽ ചിലത് എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഷെയർ ചെയ്തിരിക്കുന്നത്. രക്തത്തിൽ കുതിർന്നതും കത്തിക്കരിഞ്ഞ് കരിക്കട്ടയായി മാറിയതുമായ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിനിടെ, ഇസ്രയേലി കുട്ടികളുടെ തല വെട്ടിയെന്നും അതിന്റെ ചിത്രങ്ങൾ കണ്ടുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇസ്രയേലിനും ജൂത സമൂഹത്തിനുമുള്ള പിന്തുണയുടെ ഭാഗമായി ജൂത നേതാക്കളുമായി ബൈഡൻ വൈറ്റ്ഹൗസിൽ ചർച്ച നടത്തുകയും ചെയ്തു.

