ഇന്ത്യയുമായുള്ള പ്രശ്നം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ല; കനേഡിയൻ പ്രധാനമന്ത്രി

ടൊറന്റോ: ഇന്ത്യയുമായുള്ള പ്രശ്നം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യയുമായി ക്രിയാത്മക ബന്ധം തുടരുമെന്ന് അദ്ദേഹം അറിയിച്ചു. നയതന്ത്ര പ്രതിനിധികൾ ഇന്ത്യൻ മണ്ണിൽ ഉണ്ടാകേണ്ടത് കാനഡയുടെ ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഒട്ടാവയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യയുമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഇന്ത്യയുമായുള്ള പ്രശ്നം കൂടുതൽ വഷളാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. ഈ ദുഷ്‌കരമായ സമയത്തും ഇന്ത്യയുമായി ക്രിയാത്മക ബന്ധം തുടരാനുള്ള ശ്രമങ്ങളാണ് കാനഡ നടത്തുന്നത്. ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് അവിടുത്തെ കനേഡിയൻ പൗരന്മാരെ സംരക്ഷിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കാനഡക്കെതിരെ നടപടികൾ കർശനമാക്കാനൊരുങ്ങുകയാണ് ഇന്ത്യ. ‘പ്രശ്‌നക്കാരുടെ’ ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ട്. ‘ഓരോ കേസിന്റെ’ അടിസ്ഥാനത്തിൽ ‘ചില വ്യക്തികൾക്കെതിരെ’ സർക്കാർ ഈ നടപടി ആരംഭിച്ചേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഖലിസ്ഥാൻ പതാക പിടിക്കുന്നതും ഇന്ത്യയിലെ കാർഷിക ഭൂസ്വത്തുക്കളിൽ നിന്ന് സമ്പാദിക്കുന്നതും ഒരുമിച്ചു കൊണ്ടുപോകാനാകില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാരെന്നാണ് പുറത്തു വരുന്ന വിവരം.

വിദേശത്തെ ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു നേരെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അടുത്തിടെ പഠന വിസയിൽ വിദേശത്ത് പോയശേഷം ചില വിദ്യാർഥികൾ, ഇന്ത്യൻ നയതന്ത്ര ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധിച്ചിരുന്നു. ഈ നടപടിയിൽ സർക്കാർ നിരാശരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.