തിരുവനന്തപുരം: കേന്ദ്രസർക്കാരിന് കീഴിൽ ദേവസ്വം വകുപ്പ് രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. സുരേഷ് ഗോപിയാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയത്. സഹകരണ മേഖലയിൽ കേന്ദ്ര ഇടപെടൽ കൊണ്ടുവന്നതിന് സമാന രീതിയിലാകും ദേവസ്വം വകുപ്പ് രൂപീകരണവും നടക്കുമെന്നാണ് വിവരം.
സഹകരണ സംഘങ്ങൾക്ക് ഇതുപോലൊരു മാസ്റ്റർ വരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. അത് തന്നെയാണ് ദേവസ്വം ബോർഡിന്റെ കാര്യത്തിലും വരാൻ പോകുന്നത്. ആരാധാനാലയത്തിന്റെ കാര്യത്തിൽ എല്ലാവർക്കും തുല്യ അവകാശം കൊണ്ടുവരും, ശബരിമല ഉൾപ്പെടെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പജയാത്ര നടത്തിയിരുന്നു. കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിന്നും ആരംഭിച്ച് തൃശ്ശൂർ സഹകരണ ബാങ്ക് വരെയായിരുന്നു യാത്ര. പതിനെട്ട് കിലോമീറ്ററാണ് സുരേഷ് ഗോപിയും ബിജെപി പ്രവർത്തകരും നടന്നത്. പദയാത്ര നടത്തിയത് സഹകരണ ബാങ്ക് സംരക്ഷിക്കാനാണെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. സഹകാരി സംരക്ഷണ യാത്രയ്ക്ക് രാഷ്ട്രീയമില്ലെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് യാത്രയെന്നുമായിരുന്നു സുരേഷ് ഗോപി അറിയിച്ചത്.

