പാകിസ്ഥാനിൽ ചാവേറാക്രമണം; 52 പേർ കൊല്ലപ്പെട്ടു, 150ഓളം പേർക്ക് പരിക്ക്

ഇസ്ലാമബാദ്: പാകിസ്ഥാനിൽ ചാവേറാക്രമണം. ബലൂചിസ്ഥാനിൽ ഉണ്ടായ ചാവറേക്രമണത്തിൽ 52 പേർ കൊല്ലപ്പെട്ടു. മാസ്തങ് ജില്ലയിലാണ് ആക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

നാൽപതിലേറെ മൃതദേഹങ്ങൾ മേഖലയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. 150ഓളം പേർക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിയിൽ നബിദിനാഘോഷം നടക്കുന്നതിനിടെ ഒരു ചാവേർ പൊലീസ് വാഹനത്തിന് അടുത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇതുവരെ ഭീകര സംഘടനകളൊന്നും രംഗത്തെത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.