ചണ്ഡിഗഢ്: പഞ്ചാബ് സർക്കാരിനെ നയിക്കുന്ന ആം ആദ്മി പാർട്ടിയുമായി സഹകരിക്കാനാവില്ലെന്ന് സംസ്ഥാനത്തെ കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ. പഞ്ചാബിലെ കോൺഗ്രസ് എംഎൽഎയുടെ അറസ്റ്റിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് എംഎൽഎ സുഖ്പാൽ സിംഗ് ഖൈറയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. എട്ട് വർഷം മുൻപുള്ള ലഹരിമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഛണ്ഡിഗഡിലെ വസതിയിൽ നടത്തിയ റെയ്ഡിനെ പിന്നാലെയായിരുന്നു അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം 2015ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പഞ്ചാബിലെ എഎപി സർക്കാരിന്റെയും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെയും കടുത്ത വിമർശകനാണ് ഖൈറ. ഖൈറയുടെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നാണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ ആരോപിക്കുന്നത്. അറസ്റ്റിലൂടെ പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് എഎപി സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് എംഎൽഎയ്ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അമരീന്ദർ രാജ വ്യക്തമാക്കി.
ആംആദ്മിയുടെ നടപടി പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ ബാധിക്കുമെന്ന സൂചന നൽകിയാണ് പഞ്ചാബ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ലഹരിക്കടത്ത് സംബന്ധിച്ച് എംഎൽഎക്കെതിരെ തെളിവുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

