ഭൂപടം പുതുക്കുന്നത് പതിവുരീതി; ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന

ന്യൂഡൽഹി: ഭൂപട വിവാദത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി ചൈന. ഇത്തരത്തിൽ ഭൂപടം പുതുക്കുന്നത് പതിവുരീതിയാണെന്ന് ചൈന അറിയിച്ചു. അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ചൈന വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ആണ് ഇക്കാര്യം അറിയിച്ചത്.

നിയമപ്രകാരമുള്ള പരമാധികാരം വിനിയോഗിക്കുന്നതിനുള്ള ചൈനയുടെ പതിവുരീതിയാണിത്. വസ്തുതാപരമായും ശാന്തമായും ഇതിനെ ഇന്ത്യ കാണണമെന്നും അമിതമായി വ്യാഖ്യാനിക്കുന്നതിൽ നിന്ന് പിന്തിരിയുമെന്നുമാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഭൂഭാഗങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പുറത്തിറക്കിയ സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ചൈനയെ നയതന്ത്ര മാർഗത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചത്. ചൈനയുടെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങളെ സങ്കീർണമാക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അതിർത്തിക്കുള്ളിലുള്ള പ്രദേശത്തേക്കുറിച്ചുള്ള ചൈനയുടെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഇന്ത്യ തള്ളിക്കളയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ അരുണാചൽ പ്രദേശ്, 1962-ലെ യുദ്ധത്തിൽ പിടിച്ചടക്കിയ അക്‌സായ് ചിൻ എന്നീ പ്രദേശങ്ങൾ അടക്കമുള്ളവ രാജ്യത്തിന്റെ ഭാഗമായി ചിത്രീകരിച്ചുകൊണ്ടാണ് ചൈന തങ്ങളുടെ പുതിയ ഭൂപടം പുറത്തിറക്കിയത്. ചൈന ദക്ഷിണ ടിബറ്റ് എന്നവകാശപ്പെടുന്ന ഭാഗമാണ് ഇന്ത്യയുടെ അരുണാചൽ പ്രദേശ്. തർക്കം നിലനിൽക്കുന്ന തയ്വാൻ, നയൻ ഡാഷ് ലൈൻ തുടങ്ങിയ പ്രദേശങ്ങളും ചൈന പുറത്തിറക്കിയ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.