നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: എം വി ഗോവിന്ദന് മറുപടിയുമായി മാത്യു കുഴൽനാടൻ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. താൻ മൂന്നാറിൽ ഭൂ നിയമം ലംഘിച്ചിട്ടില്ലെന്നും നിയമപരമായ നിർമ്മാണം മാത്രമാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ചിന്നക്കനാലിൽ പണിതത് പ്രസിഡൻഷ്യൽ പെർമിറ്റിലുള്ള കെട്ടിടമാണ്. പട്ടയ ഭൂമിയിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം പണിയുമ്പോൾ ആണ് അത് നിയമലംഘനം ആകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തനിക്കെതിരെ വാർത്താസമ്മേളനം നടത്തിയ എകെജി സെന്റർ പട്ടയ ഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മാണം നടത്തിയ കെട്ടിടം ആണെന്നും മാത്യു കുഴൽനാടൻ ആരോപിക്കുന്നു.

എം വി ഗോവിന്ദൻ ശ്രമിക്കുന്നത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരായ ആരോപണം പ്രതിരോധിക്കാനാണ്. താൻ ഹോംസ്റ്റേ നടത്തിയത് ലൈസൻസ് പ്രകാരമാണ്. നിയമവിരുദ്ധമായി താൻ ഒന്നും ചെയ്തിട്ടില്ല. അഭിഭാഷകവൃത്തിക്ക് പുറമേ മറ്റൊരു ബിസിനസും നടത്തിയിട്ടില്ല. 9 കോടിയുടെ വിദേശ നിക്ഷേപം ഇല്ലെന്നും മറിച്ച് കമ്പനിയിൽ ഓഹരി ഉണ്ടെന്നും അതിന്റെ മൂല്യമാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു.