വീണവിജയന്റെ ബിസിനസ്സിലെ ദുരൂഹതകൾ നീക്കണം; ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി മാത്യു കുഴൽ നാടൻ എം എൽ എ

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദത്തിൽ ആഞ്ഞടിച്ച് മാത്യു കുഴൽ നാടൻ എം എൽ എ. മുഖ്യമന്ത്രിയുടെ മകളുടെ ആദായനികുതി റിട്ടേണുകളിലോ ഭർത്താവിന്റെ സത്യവാങ്മൂലത്തിലോ സ്വകാര്യ കമ്പനിയിൽ നിന്ന് പണം വാങ്ങുന്നത് വെളിപ്പെടുത്തിയിട്ടില്ലെന്ന് എം എൽ എ ചൂണ്ടിക്കാട്ടി. ഒന്നുകിൽ സത്യവാങ് മൂലത്തിൽ തെറ്റായ വിവരം നൽകിയെന്നോ അല്ലെങ്കിൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയില്ലെന്നോ വ്യക്തമാക്കണമെന്ന് മാത്യു വിമർശിച്ചു. വീണയുടെ വ്യക്തമായ ആദായ നികുതി വിവരങ്ങൾ പുറത്ത് വിട്ടായിരുന്നു മാത്യുകുഴൽ നാടൻ വാദങ്ങൾ നിരത്തിയത്.

രാഷ്ട്രീയക്കാരുടെ മക്കൾക്ക് ശരിയായ വിവരങ്ങൾ പുറത്തു വിട്ടാൽ ബിസിനസ് ചെയ്യാമെന്നും നിയമസഭയിൽ മൈക്ക് ഓഫ് ചെയ്താലോ ഭീഷണിപ്പെടുത്തിയാലോ പിന്തിരിയില്ലെന്നും മാത്യു പ്രതികരിച്ചു. പ്രതിപക്ഷത്തിന് പിണറായിയെ ഭയമില്ലെന്നും പിബി മുതൽ താഴോട്ടുള്ള എല്ലാവരുമാണ് മുഖ്യമന്ത്രിയെ പേടിക്കുന്നതെന്നും കുഴനാടൻ ആരോപിച്ചു. നിയമസഭയിൽ മാസപ്പടി വിവാദം ഉന്നയിക്കാൻ ശ്രമിച്ച കുഴൽനാടനെ സ്‌പീക്കർ തടഞ്ഞെങ്കിലും ഇനി സഭ ചേരുമ്പോൾ വിഷയം ഉന്നയിക്കാൻ അവസരം നൽകി. ഈ വിഷയത്തോടെ വീണ്ടും പിണറായി വിജയനുമായി കൊമ്പ് കോർക്കാനൊരുങ്ങുകയാണ് മാത്യു കുഴൽ നാടൻ.