ഡ്രഡ്ജിങ് നാളെ മുതൽ ആരംഭിക്കും; ഹാർബർ അടച്ചിടാതെ അടിയന്തര നടപടി സ്വീകരിക്കാൻ അദാനി ഗ്രൂപ്പിന് നിർദ്ദേശം നൽകി സർക്കാർ

തിരുവനന്തപുരം : തൊഴിലാളി സംഘടനകൾ ഉൾപ്പെടയുള്ളവരുടെ അഭിപ്രായം മാനിച്ച് മുതലപൊഴി ഹാർബർ അടച്ചിടില്ലെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. അദാനി ഗ്രൂപ്പുമായി നടന്ന ചർച്ചകൾക്ക് ശേഷം പൊഴിയിൽ തകർന്ന് വീണ കല്ലുകളും മണലും നീക്കം ചെയ്യാനുള്ള നിർദ്ദേശവും നൽകി. എത്ര കോടികൾ ചിലവാക്കിയാലും പൊഴിയിലെ അപകടം കുറയ്ക്കാനാണ് സർക്കർ ലക്ഷ്യമിടുന്നതെന്നും അശാസ്ത്രീയ നിർമാണമാണ് അപകടം ഉണ്ടാകുന്നതെങ്കിൽ വേണ്ട നടപടി സ്വീകരിക്കുമെന്നും സജി ചെറിയാൻ ഉറപ്പ് നൽകി.

സമയ ബന്ധിതമായി ഡ്രഡ്ജിങ് നടത്തി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ അദാനി ഗ്രൂപ്പിനെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടി ചേർത്തു. ഇന്ന് നടന്ന ചർച്ചയിൽ മന്ത്രിമാരായ ആൻറണി രാജു, ശിവൻകുട്ടി , ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു. രക്ഷാ പ്രവർത്തനങ്ങൾക്ക് 3 ബോട്ടുകളുടെയും ആംബുലൻസിന്റെയും സേവനം ലഭ്യമാക്കുമെന്നും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുകയും പൊഴിയിലേക്കുള്ള വഴിയുടെ നിർമാണം നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി.