ട്രാൻസ് വിഭാഗങ്ങൾക്ക് പിന്തുണ നൽകി മാർപ്പാപ്പ

ട്രാന്‍സ് വിഭാഗങ്ങളിലുള്ളവർക്കായി പിന്തുണ അറിയിച്ചുകൊണ്ട് ഫ്രാന്‍സിസ് മാർപ്പാപ്പ. മാമോദീസ ചടങ്ങുകളില്‍ തല തൊട്ടപ്പനും തല തൊട്ടമ്മയും ആവുന്നതിന് ട്രാന്‍സ് വിഭാഗത്തിലുള്ളവരെ അനുവദിക്കണമെന്നാണ് ഫ്രാന്‍സിസ് മാർപ്പാപ്പ ആവശ്യപ്പെടുന്നത്. ഇത്തരത്തിലുള്ള മാമോദീസയ്ക്ക് നേരത്തെ അനുമതി നൽകിയിരുന്നില്ല.

സഭ എല്ലാവരെയും ചേർത്ത് നിർത്തുന്ന നിലപാടാണ് മാർപ്പാപ്പയുടേതെന്നാണ് ആഗോള തലത്തില്‍ തീരുമാനത്തിന് ലഭിക്കുന്ന പ്രതികരണം.
ബുധനാഴ്ചയായിരുന്നു മാർപ്പാപ്പയുടെ അനുമതി പ്രസിദ്ധീകരിച്ചത്.ട്രാന്‍സ് വ്യക്തി അവർ ഹോർമോണ്‍ തെറാപ്പി നടത്തുന്നവരോ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരോ ആകട്ടെ അവർക്ക് മാമോദീസ സ്വീകരിക്കുന്നതിൽ തടസമില്ലെന്നും മാർപ്പാപ്പ വ്യക്തമാക്കി. മാമോദീസയിലും വിവാഹ ചടങ്ങിലും ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കുന്നത് സംബന്ധിയായ ബ്രസീലിലെ ബിഷപ്പിന്റെ മറുപടിയായാണ് മാർപ്പാപ്പയുടെ മറുപടി.

2015ലെ നിരീക്ഷണങ്ങളില്‍ നിന്ന് വിഭിന്നമാണ് നിലവിലെ നിർദ്ദേശം.വിവാഹങ്ങളില്‍ ട്രാന്‍സ് വിഭാഗങ്ങളില്‍ നിന്നുള്ളവർ സാക്ഷികള്‍ ആവുന്നതിന് തടസം നിൽക്കാന്‍ തക്കതായ കാരണമില്ലെന്നും മാർപ്പാപ്പ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. വിശ്വാസപരമായ ചടങ്ങുകളിലെ പങ്കാളിത്തത്തിന് ലിംഗ വ്യത്യാസം തടസമാകാത്തതാണ് മാർപ്പാപ്പയുടെ തീരുമാനമെന്നും ആഗോളതലത്തില്‍ മെച്ചപ്പെട്ട രീതിയിലുള്ള സ്വീകാര്യത നൽകാനും തീരുമാനം സഹായിക്കുമെന്നും ട്രാന്‍സ് സമൂഹം നിരീക്ഷിക്കുന്നത്.