സപ്ലൈകോയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധി; ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോയ്ക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇടതുമുന്നണി യോഗം അനുമതി നൽകിയതിന് പിന്നാലെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വില വർധന എപ്പോൾ നടപ്പാക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി.

കഴിഞ്ഞ ദിവസമാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില വർധിപ്പിക്കാൻ ഇടതുമുന്നണിയുടെ അനുമതി ലഭിച്ചത്. വില വർധന തീരുമാനിക്കാൻ ഭക്ഷ്യമന്ത്രി ജി ആർ അനിലിനെ മുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നു.

സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില ഏഴു വർഷത്തിനു ശേഷമാണ് വർധിപ്പിക്കുന്നത്. ജി ആർ അനിൽ ആണ് വില വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന സപ്ലൈകോയുടെ ആവശ്യം മുന്നണി യോഗത്തിൽ അവതരിപ്പിച്ചത്.