തിരുവനന്തപുരം: ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ യൂജിൻ പെരേരക്കെതിരെ കേസ്. മന്ത്രിമാരെ തടഞ്ഞതിനും കലാപ ആഹ്വാനം ചെയ്തതിനുമാണ് യൂജിൻ പെരേരക്കെതിരെ കേസെടുത്തത്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ചിറയിൻകീഴ് മുതലപ്പൊഴിയിൽ യുജിൻ പെരേര മന്ത്രിമാരെ തടഞ്ഞതാണ് കേസിന് ആസ്പദമായ സംഭവം. റോഡ് ഉപരോധിച്ചതിന് മറ്റൊരു കേസും കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന 50 ലധികം പേർക്കതിരെ കേസെടുത്തിട്ടുണ്ട്.
വികാരി ജനറൽ ഫാദർ യൂജിൻ പെരേരെയാണ് മന്ത്രിമാരെ തടയാൻ ആൾക്കൂട്ടത്തോട് ആവശ്യപ്പെട്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, ഷോ കാണിക്കരുതെന്ന് പറഞ്ഞ് തന്നോടും മത്സ്യത്തൊഴിലാളികളോടും കയർത്തത് മന്ത്രിമാരാണെന്ന് യൂജിൻ പെരേര ആരോപിച്ചു.
അപകടമുണ്ടായതിൽ തീരത്ത് പ്രതിഷേധം നടക്കുമ്പോഴാണ് മന്ത്രിമാരായ വി ശിവൻകുട്ടിയും ആന്റണി രാജുവും ജിആർ അനിലും മുതലപ്പൊഴിയിലെത്തിയത്. മന്ത്രിമാരെ കണ്ടതോടെ പ്രതിഷേധം ശക്തിപ്പെട്ടു. നിരന്തരം അപകടമുണ്ടായിട്ടും എന്ത് കൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം ഉന്നയിച്ചാണ് പ്രതിഷേധം നടത്തിയത്. തുടർന്ന് ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേരയും മന്ത്രിമാരും തമ്മിലും വാക്കേറ്റമുണ്ടായി. വൻതുക മത്സ്യത്തൊഴിലാളികളിൽ നിന്ന് പിരിച്ച് പള്ളികൾ ചൂഷണം ചെയ്യുകയാണെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ ആരോപണം. എന്നാൽ യൂജിൻ പെരേരെ ആരോപണങ്ങൾ നിഷേധിച്ചു. പ്രശ്‌നം വഷളാക്കിയത് മന്ത്രിമാരാണെന്നും അദ്ദേഹം ആരോപിച്ചു.

