തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിൻ റൂട്ടുകളിൽ മാറ്റം. ഗുരുവായൂർ-പുനലൂർ എക്‌സ്പ്രസ്, അമൃത എക്‌സ്പ്രസ്, പാലരുവി എക്‌സ്പ്രസ് എന്നീ ട്രെയിനുകളുടെ സർവീസിലാണ് മാറ്റം വരുത്തുന്നത്. സെക്കന്ദരാബാദിൽ മൂന്ന് ദിവസം നീണ്ടു നിന്ന റെയിൽവേ ടൈംടേബിൾ കമ്മിറ്റിയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. തിരുവനന്തപുരത്ത് നിന്നും മധുരയിലേക്ക് സർവീസ് നടത്തുന്ന അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടും. ആഴ്ചയിൽ എല്ലാ ദിവസവും രാത്രി 8.30-നാണ് ഈ ട്രെയിൻ തിരുവനന്തപുരത്ത് നിന്നും യാത്ര തുടങ്ങുന്നത്. കോട്ടയം-എറണാകുളം-പാലക്കാട് ജംഗ്ഷനിലൂടെയാണ് ട്രെയിൻ മധുരയിലേക്ക് സർവീസ് നടത്തുക. പിറ്റേ ദിവസം രാവിലെ പത്തിന് ട്രെയിൻ മധുരയിലെത്തും. ഈ സർവീസാണ് ഇപ്പോൾ രാമേശ്വരം വരെ ദീർഘിപ്പിക്കുന്നത്.
പാലക്കാട് നിന്നും തിരുനെൽവേലിയിലേക്ക് സർവീസ് നടത്തുന്ന പാലരുവി എക്‌സ്പ്രസിന്റെ സർവ്വീസും നീട്ടി. തൂത്തുക്കുടി വരെയാണ് സർവ്വീസ് നീട്ടിയത്. എല്ലാ ദിവസവും വൈകിട്ട് 4.05-ന് പാലക്കാട് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന പുലർച്ചെ 4.40-നാണ് തിരുനെൽവേലിയിലെത്തിയിരുന്നത്.
ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് സർവീസ് നടത്തുന്ന ഗുരുവായൂർ-പുനലൂർ ഇന്റർസിറ്റി എക്‌സ്പ്രസ് മധുര വരെയും ദീർഘിപ്പിച്ചു. എല്ലാ ദിവസവും രാവിലെ 5.45-ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.45-ഓടെയായിരുന്നു പുനലൂരിൽ എത്തിയിരുന്നത്.

