തൃശൂർ: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ടിലുണ്ടായിരുന്ന 41 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്‌ക്യൂ ബോട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്. ചേറ്റുവ ഹാർബറിൽ നിന്നും തിങ്കളാഴ്ച പുലർച്ചേ 5.30 -ന് മത്സ്യബന്ധനത്തിന് പോയ ബർക്കത്ത് എന്ന വള്ളമാണ് എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ സീ റെസ്‌ക്യൂ ബോട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ചാവക്കാട് സ്വദേശി തെക്കുംപറമ്പത്ത് നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബർക്കത്ത് എന്ന വള്ളം. വൈകീട്ട് നാലോടെയാണ് വള്ളം കടലിൽ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സുലേഖയുടെ നിർദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് എ എസ് ഐ വി എം ഷൈബുവിന്റെ നേതൃത്വത്തിൽ റസ്‌ക്യൂ ഗാർഡമാരായ അൻസാർ, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിനുണ്ടായിരുന്നു.

