തന്റെ കസിനാണ്; വിദ്യാ ബാലനുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തി പ്രിയാമണി

വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമാ മേഖലയിൽ തങ്ങളുടേതായ ഇടമുണ്ടാക്കിയ താരങ്ങളാണ് പ്രിയാമണിയും വിദ്യാബാലനും. എന്നാൽ ഇരുവരും അടുത്ത ബന്ധുക്കൾ ആണെന്ന കാര്യം പലർക്കും അറിയില്ല. വിദ്യാബാലനുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് അടുത്തിടെ പ്രിയാമണി സംസാരിച്ചിരുന്നു. ഇതോടെയാണ് ഈ വിവരം കൂടുതൽ പേരിലേക്ക് എത്തിയത്.

പ്രിയാമണിയുടെ മുത്തച്ഛനും വിദ്യാബാലന്റെ മുത്തച്ഛനും സഹോദരന്മാരാണ്. തന്റെ അച്ഛന്റെ ഭാഗത്തുനിന്നുള്ള സെക്കൻഡ് കസിനാണ് വിദ്യാബാലനെന്ന് പ്രിയാമണി പറയുന്നു. തന്റെയും വിദ്യയുടെയും മുത്തച്ഛന്മാർ സഹോദരങ്ങൾ ആണെന്നും താരം വ്യക്തമാക്കി.

എന്നാൽ ഇതുവരെ തങ്ങൾ രണ്ട് തവണ മാത്രമാണ് പരസ്പരം കണ്ടിട്ടുള്ളത്. ഇതിൽ ആദ്യത്തെ കൂടിക്കാഴ്ച ഒരു പുരസ്കാര ചടങ്ങിൽ ആയിരുന്നു. അന്ന് വിദ്യയാണ് തനിക്ക് പുരസ്കാരം സമ്മാനിച്ചത്. അന്ന് വളരെ സ്നേഹത്തോടെയാണ് വിദ്യ പെരുമാറിയതെന്നും പ്രിയാമണി പറഞ്ഞു.

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പിറന്നാളിനോടനുബന്ധിച്ച് നടത്തിയ പാർട്ടിയിൽ ആയിരുന്നു രണ്ടാമത്തെ കുടിക്കാഴ്ച. അപ്പോഴും വിദ്യാ സ്നേഹത്തോടെ തന്നെയാണ് പെരുമാറിയതെന്നും പ്രിയാമണി കുട്ടിചേർത്തു.