ലാവോസിൽ സന്ദർശനം നടത്താൻ പ്രധാനമന്ത്രി; ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂഡൽഹി: 21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 19-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി മോദി പങ്കെടുക്കും. ലാവോസാണ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാനായി അദ്ദേഹം ഒക്ടോബർ 10, 11 തീയതികളിൽ രണ്ട് ദിവസത്തെ ലാവോസ് സന്ദർശനം നടത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ലാവോസാണ് നിലവിൽ ആസിയാൻ അധ്യക്ഷ പദവി വഹിക്കുന്നത്. ലാവോസ് പ്രധാനമന്ത്രി സോനെക്സെ സിഫാൻഡോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി മോദി വിയന്റിയാൻ സന്ദർശിക്കുന്നത്. പല ഉഭയകക്ഷി യോഗങ്ങളിലും നരേന്ദ്ര മോദി പങ്കെടുക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.