തിരുവനന്തപുരം: സർക്കാർ ഇരയോടൊപ്പമാണെന്നും വേട്ടക്കാരനൊപ്പമല്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആരെയും സംരക്ഷിക്കാനുള്ള ബാധ്യത സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം സംവിധായകൻ രഞ്ജിത്ത് രാജി വെച്ചതിന് പിന്നാലെയാണ് സജി ചെറിയാന്റെ പ്രതികരണം.
മാധ്യമങ്ങൾ സർക്കാരിനെ താറടച്ചു. തനിക്ക് മൂന്ന് പെൺകുട്ടികളാണ്. സ്ത്രീകൾക്ക് എതിരെയുള്ള ഏതൊരു നീക്കത്തെയും ശക്തമായി ചെറുക്കുന്ന ആളാണ് താനെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പാണെന്ന് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

