തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റത്തിൽ പ്രത്യേക പരിശോധന നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ച് മോട്ടോർ വാഹന വകുപ്പ്. അപകടകരമായി വാഹനം ഓടിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് എംവിഡി അറിയിച്ചിരിക്കുന്നത്.
ഡ്രൈവർമാരുടെ കാബിനിലിരുന്ന് വീഡിയോ എടുക്കൽ അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. യൂട്യൂബർ സഞ്ജു ടെക്കി വണ്ടിയിൽ രൂപമാറ്റം വരുത്തിയ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. കേസ് ജൂൺ 25ന് പരിഗണിക്കാനായി മാറ്റി. സഞ്ജു ടെക്കി കേസിൽ നടപടി സ്വീകരിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്ത് നടപടി സ്വീകരിച്ചുവെന്ന് സർക്കാർ റിപ്പോർട്ടായി നൽകി. റോഡിലോടുന്ന ബസുകളടക്കം പല വാഹനങ്ങളുടെയും ബ്രേക്ക് ലൈറ്റ് വർക്കിംഗ് അല്ലെന്നും നടപടി സ്വീകരിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
പല കോളേജുകളിലും വാഹനങ്ങൾ വിദ്യാർത്ഥികൾ നിയമവിരുദ്ധമായി ഉപയോഗിക്കുന്നെന്നും കോടതി നിരീക്ഷിച്ചു. റിക്കവറി വാൻ, ക്രെയിൻ എന്നിവ ക്യാമ്പസുകളിൽ കൊണ്ടുവരുന്നുണ്ട്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

