എപിജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാലയിൽ പരിഷ്കരിച്ച ബി ടെക് പാഠ്യപദ്ധതി; സവിശേഷകൾ ഇവയെല്ലാം

തിരുവനന്തപുരം: എ.പി.ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവ്വകലാശാല ഈ അധ്യയന വർഷം മുതൽ പരിഷ്കരിച്ച ബി.ടെക് പാഠ്യപദ്ധതി നടപ്പാക്കുകയാണ്. സംസ്ഥാനത്തെ ഒരു വിജ്ഞാന സമ്പദ്-വ്യവസ്ഥയാക്കി രൂപപ്പെടുത്തുന്നതിനും പുന:സംഘടിപ്പിക്കുന്നതിനുമുള്ള കേരള സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് ശക്തി പകരുന്ന ഒന്നാണ് സാങ്കേതിക സർവ്വകലാശാല ഈ അധ്യയന വർഷം മുതൽ നടപ്പിലാക്കാൻ ഒരുങ്ങുന്ന പരിഷ്‌കരിച്ച ബി.ടെക് പാഠ്യപദ്ധതി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതുതായി രൂപം നൽകിയ കരിക്കുലത്തിൻ്റെ വിശദാംശങ്ങൾ വാർത്താ സമ്മേളനത്തിൽ മന്ത്രി അവതരിപ്പിച്ചു.

ശാസ്ത്ര സാങ്കേതിക രംഗത്തെ അത്ഭുതാവഹമായ മാറ്റങ്ങൾക്ക് ഒപ്പം സഞ്ചരിക്കാനും ഈ സാധ്യതകളെ ഉപയോഗപ്പെടുത്താനും പുതുതലമുറയെ തയ്യാറാക്കൽ വലിയ ദൗത്യമാണ്. റോബോട്ടിക്‌സ്, ഐ.ഓ.ടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളുടെ വരവോടെ അനന്തമായ സാധ്യതകളാണ് എൻജിനീയറിങ് രംഗത്ത് ഉണ്ടാകാൻ പോകുന്നത്. ഈ സാധ്യതകളെ മുന്നിൽക്കണ്ടുകൊണ്ടാണ് ബി.ടെക് പാഠ്യപദ്ധതിയിൽ സമഗ്രമായ പരിഷ്‌കരണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അതിവേഗം മാറുന്ന സാങ്കേതിക രംഗത്ത് മികവ് പുലർത്താനും പഠനശേഷം ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തിനപ്പുറം സംരംഭകരായിത്തീരുവാനും വിദ്യാർത്ഥികളെ സജ്ജരാക്കാനാണ് പുതിയ പാഠ്യപദ്ധതി. ആവശ്യമായ നൈപുണ്യവും വിദ്യാർത്ഥികൾക്ക് ഇത് ഉറപ്പാക്കും. ഉള്ളടക്കത്തിലെ അമിതഭാരം ഒഴിവാക്കി വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള വിജ്ഞാനം പഠിതാക്കളിൽ ഉണ്ടാക്കാനുള്ള ശ്രമവും പാഠ്യപദ്ധതിയിൽ ഉണ്ടെന്നും ആർ ബിന്ദു കൂട്ടിച്ചേർത്തു.