തിരുവനന്തപുരം: കുവൈത്തിലുണ്ടായ തീപിടുത്തത്തിൽ 24 മലയാളികൾ മരണപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകളെന്ന് നോർക്ക സെക്രട്ടറി ഡോ കെ വാസുകി. 15 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചുവെന്നും വാസുകി അറിയിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കുവൈത്ത് സർക്കാരുമായി ചേർന്ന് എല്ലാ ശ്രമവും നടത്തും. തുടർ സഹായം ചർച്ച ചെയ്യുമെന്നും നോർക്ക സെക്രട്ടറി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മൃതദേഹങ്ങൾ ഒരുമിച്ച് എത്തിക്കും. ഇതിനായി പ്രത്യേക വിമാനം കേന്ദ്രസർക്കാർ ഒരുക്കിയിട്ടുണ്ട്. പരിക്കേറ്റവരുടെ ചികിത്സ അവിടെ തന്നെ തുടരും. നിലവിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്. തിരിച്ചറിയാൻ സാധിക്കാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തും. ഡിഎൻഎ പരിശോധന ഫലത്തിന് രണ്ടാഴ്ചയോളം സമയം എടുക്കും. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അടിയന്തരമായി ശ്രമിച്ചുവരികയാണെന്ന് വാസുകി വിശദമാക്കി.
അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ നോർക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുൻകൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക്കും ഗ്ലോബൽ കോൺടാക്ട് സെന്ററും മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യ ഗവൺമെന്റ് കുവൈത്തിൽ നടത്തുന്ന ഇടപെടലുകളിൽ സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകും. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫസർ കെവി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ട്.
കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ (30), കാസർകോട് ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), കാസർകോട് പിലിക്കോട് എരവിൽ സ്വദേശി കേളു പൊന്മലേരി (58), കോട്ടയം പാമ്ബാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ പരേതനായ ശശിധരൻ നായരുടെയും ശോഭനകുമാരിയുടെയും മകൻ ആകാശ് ശശിധരൻ നായർ (31), കൊല്ലം പുനലൂർ നരിക്കൽ വാഴവിള അടിവള്ളൂർ സാജൻ ജോർജ് (29), പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശ്ശേരിൽ സജു വർഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ (68) കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു-48),തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മൻ(37), കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, മലപ്പുറം തിരൂർ കൂട്ടായി കോതപറമ്ബ് കുപ്പന്റെപുരക്കൽ നൂഹ് (40), പുലാമന്തോൾ തിരുത്ത് സ്വദേശി എംപി. ബാഹുലേയൻ (36), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്ബതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

