കുവൈത്തിലെ തീപിടുത്തം; അപകടത്തിൽപ്പെട്ടവർക്ക് എല്ലാ സഹായങ്ങളും കേന്ദ്രം ഉറപ്പു വരുത്തുമെന്ന് ജോർജ് കുര്യൻ

ന്യൂഡൽഹി: കുവൈത്ത് സിറ്റിയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനം അറിയിച്ച് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. തീപിടിത്തത്തിൽ നിരവധി പേർ മരിച്ചത് അതീവ ദുഃഖകരമെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ ജീവൻ നഷ്ടമായവരിൽ നിരവധി മലയാളികളുണ്ടെന്നതു നടുക്കം വർധിപ്പിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റു ചികിത്സയിൽ കഴിയുന്നവർക്കു എത്രയും വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം വിദേശകാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളികൾ ഉൾപ്പെടെ 49 പേരാണ് കുവൈത്തിലെ തീപിടുത്തത്തിൽ മരണപ്പെട്ടതെന്നാണ് വിവരം. മംഗഫിലെ കമ്പനി ഫ്‌ളാറ്റിലാണ് തീപിടുത്തം ഉണ്ടായത്. അതേസമയം, കുവൈത്തിലെ തീപിടിത്തത്തിൽ ഉൾപ്പെട്ട മലയാളികളുടെ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾക്കുമായി നോർക്ക ആസ്ഥാനത്ത് ഹെൽപ് ലൈൻ ആരംഭിച്ചു. നോർക്ക റൂട്ട്‌സ് ഗ്ലോബൽ കോണ്ടാക്ട് സെൻററും കുവൈത്തിൽ ഹെൽപ് ഡെസ്‌കുമാണ് ആരംഭിച്ചത്. 18004253939 (ഇന്ത്യയിൽ നിന്നും) എന്ന നമ്പറിലാണ് നോർക്ക ഹെൽപ് ലൈൻ പ്രവർത്തിക്കുക.

കുവൈറ്റ് സിറ്റിയിലെ മംഗഫിൽ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോർക്ക റൂട്ട്‌സ് ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങിയെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു.