ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറിയാൽ പണി പാളും; കർശന നടപടിക്കൊരുങ്ങി റെയിൽവേ

ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ ടിക്കറ്റ് എടുക്കാതെയും ജനറൽ കംപാർട്മെന്റിലേക്ക് ടിക്കറ്റെടുത്ത ശേഷം സ്ലീപ്പർ, എ സി കംപാർട്മെന്റുകളിൽ നിരവധി പേർ യാത്ര ചെയ്യുന്നുവെന്ന പരാതി വ്യാപകമാകുകയാണ്. വന്ദേഭാരതിൽ വലിയ തുക നൽകി ടിക്കറ്റ് എടുത്ത ശേഷം മറ്റുള്ളവർ അനധികൃതമായി തിങ്ങി കയറിയത് കാരണം ടിക്കറ്റുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്ന സംഭവം വരെ ഉണ്ടായിരുന്നു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയോ കുറഞ്ഞ ടിക്കറ്റ് എടുത്ത ശേഷം ഉയർന്ന ക്ലാസ് കംപാർട്മെന്റുകളിലേക്കോ അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് റെയിൽവേയുടെ തീരുമാനം.

ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കുന്നതിന് പുറമേ നിയമനടപടികൾ സ്വീകരിക്കാനും റെയിൽവേ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്. ഏഴരക്കോടി രൂപയാണ് കഴിഞ്ഞ മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേ ഇത്തരത്തിൽ പിഴയായി ഈടാക്കിയിട്ടുള്ളത്. ദിവസേന 25 ലക്ഷം രൂപയോളം ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്നും പിഴയായി ഈടാക്കുന്നുണ്ടെന്നാണ് വിവരം.

മെയ് മാസത്തിൽ മാത്രം ഈസ്റ്റേൺ റെയിൽവേയുടെ കർശന പരിശോധനയിൽ 1,80,900 പേർ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിടിയിലായിട്ടുണ്ട്.ഈസ്റ്റേൺ റെയിൽവേ പുറത്തുവിട്ട കണക്കുകൾ പ്രകാരം മെയ് മാസത്തെ പിഴ ശേഖരം 7.57 കോടി രൂപയാണ്.