കുവൈത്തിലെ തീപിടിത്തം; നോർക്ക ആസ്ഥാനത്ത് ഹെൽപ് ലൈൻ ആരംഭിച്ചു

ന്യൂഡൽഹി: കുവൈത്തിലെ തീപിടിത്തത്തിൽ ഉൾപ്പെട്ട മലയാളികളുടെ വിവരങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർ നടപടികൾക്കുമായി നോർക്ക ആസ്ഥാനത്ത് ഹെൽപ് ലൈൻ ആരംഭിച്ചു. നോർക്ക റൂട്ട്‌സ് ഗ്ലോബൽ കോണ്ടാക്ട് സെൻററും കുവൈത്തിൽ ഹെൽപ് ഡെസ്‌കുമാണ് ആരംഭിച്ചത്. 18004253939 (ഇന്ത്യയിൽ നിന്നും) എന്ന നമ്പറിലാണ് നോർക്ക ഹെൽപ് ലൈൻ പ്രവർത്തിക്കുക.

കുവൈറ്റ് സിറ്റിയിലെ മംഗഫിൽ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപ്പിടിത്തത്തിന്റെ സാഹചര്യത്തിൽ അടിയന്തിരസഹായത്തിനായി, മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് നോർക്ക റൂട്ട്‌സ് ഹെൽപ്പ് ഡെസ്‌ക്ക് തുടങ്ങിയെന്ന് നോർക്ക റൂട്ട്‌സ് അറിയിച്ചു.

നമ്പരുകൾ:-

അനുപ് മങ്ങാട്ട് +965 90039594
ബിജോയ് +965 66893942
റിച്ചി കെ ജോർജ് +965 60615153
അനിൽ കുമാർ +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ് +965 65589453,
സുഗതൻ – +96 555464554,
ജെ.സജീവ് – + 96599122984.

ഇക്കാര്യത്തിൽ പ്രവാസികേരളീയർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന് നോർക്ക റൂട്ട്‌സ് സി.ഇ.ഒ അജിത്ത് കോളശ്ശേരി അറിയിച്ചു. അപകടത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധിപേർക്ക് ജീവൻനഷ്ടമായതിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.

അപകടത്തിൽപെട്ടവർക്ക് അടിയന്തര സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചു. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും മറ്റ് അടിയന്തിര സഹായങ്ങൾക്കുമായി കുവൈറ്റിലെ മലയാളി അസ്സോസിയേഷനുകളുമായും ലോക കേരളാ സഭാ അംഗങ്ങളുമായും നിരന്തര സമ്പർക്കത്തിലാണെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

എത്രമലയാളികൾക്കാണ് ജീവൻ നഷ്ടമായതെന്നതു സംബന്ധിച്ച് ഔദ്യോഗികവിവരങ്ങൾക്കായി ശ്രകമിച്ചുവരികയാണെന്നും നോർക്ക റൂട്ട്‌സ് സി.ഇ.ഒ അജിത്ത് കോളശ്ശേരിയും വ്യക്തമാക്കി.

അതേസമയം, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനും അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ വിവരങ്ങൾ അറിയുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നത തല യോഗം ചേർന്നു. അപകടത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ദുഖവും നടുക്കവും രേഖപ്പെടുത്തി. തൊഴിലാളികളുടെ ജീവിത സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. മറ്റ് രാജ്യങ്ങളിൽ കഴിയുന്ന തൊഴിലാളികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.