ന്യൂഡൽഹി: ദേശീയപാതകളിലെ ടോൾ പിരിവ് ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് പരിഷ്കരിക്കുന്നതിനായുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിനായി ദേശീയപാത അതോറിറ്റി അന്താരാഷ്ട്രതലത്തിൽ താത്പര്യപത്രം ക്ഷണിച്ചു.
ടോൾ ബൂത്തുകൾ പൂർണമായി ഒഴിവാക്കി യാത്ര ചെയ്യുന്ന ദൂരത്തിന് ടോൾ ഈടാക്കുന്ന രീതിയിൽ ഗ്ലോബൽ നാവിഗേഷൻ സാറ്റ് ലൈറ്റ് സിസ്റ്റം സംവിധാനം ഉപയോഗിച്ചുള്ള ടോൾ പിരിവാണ് നിലവിൽ പരിഗണനയിലുള്ളത്.
ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനം വികസിപ്പിക്കുന്നതിനു വൈദഗ്ധ്യമുള്ള കമ്പനികളിൽ നിന്നാണ് താല്പര്യപത്രം ക്ഷണിച്ചിരിക്കുന്നത്. ഫാസ് ടാഗ് സംവിധാനമായി സംയോജിപ്പിച്ച് ആയിരിക്കും ഇത് നടപ്പിലാക്കുന്നത്. ആദ്യം ടോൾ ബൂത്തുകളിൽ ആർ എഫ് ഐ ഡി ഉപയോഗിച്ചും ജി എൻ എസ് എസ് ഉപയോഗിച്ചും ടോൾ പിരിക്കാനുള്ള സംവിധാനം ഒരുങ്ങും. ജി എൻ എസ് എസ് സംവിധാനത്തിനായി പ്രത്യേക വരി ഉണ്ടാകുമെന്നാണ് വിവരം. ഈ വരികളിൽ വാഹനങ്ങൾക്ക് തടസം കൂടാതെ നേരിട്ട് കടന്നു പോകാൻ കഴിയും.
ജൂലൈ 22 വരെയാണ് താത്പര്യപത്രം പരിഗണിക്കാനുള്ള സമയപരിധി.

