ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ഷാരുഖ് ഖാന്റെയും റിലയൻസ് മേധാവി മുകേഷ് അംബാനിയുടെയും ചിത്രങ്ങൾ വൈറലാകുന്നു. സദസ്സിലിരുന്ന് ഒആർഎസ് കുടിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്. 31 രൂപ വിലയുള്ള ഒആർഎസ് (ഓറൽ റീ ഹൈഡ്രേഷൻ സൊലൂഷൻ) ലായനിയാണ് ഇരുവരുടെയും കൈകളിൽ കാണാൻ കഴിയുന്നത്.
അതിസമ്പന്നരായ ഇവർ ഇത്രയും വില കുറഞ്ഞ പാനീയം കുടിക്കുമോയെന്നാണ് ചിത്രങ്ങൾക്ക് താഴെ കമന്റിലൂടെ പലരും ചോദിക്കുന്നത്. ഇതാണ് ഡോൺ വൈബ്, ഈ വിനയത്തിനാണ് കയ്യടി എന്നും ചിലർ കമന്റ് ചെയ്തു. ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖരാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തത്. ചലച്ചിത്ര താരങ്ങളായ രജനീകാന്ത്, അനിൽ കപൂർ, അനുപം ഖേർ, രവീണ ടണ്ഠൻ, അക്ഷയ് കുമാർ എന്നിവർ ചടങ്ങിനെത്തിയിരുന്നു.
കറുപ്പ് സ്യൂട്ട് ഔട്ട്ഫിറ്റിൽ മാനേജർക്കൊപ്പമാണ് ഷാരുഖ് ഖാൻ ചടങ്ങിനെത്തിയത്. വെള്ള പാന്റും ഷർട്ടുമായിരുന്നു മുകേഷ് അംബാനി ധരിച്ചിരുന്നത്.

