കൊലപാതക കേസ്; കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ അറസ്റ്റിൽ

ബെംഗളൂരു: കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപ അറസ്റ്റിൽ. കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗളൂരു പോലീസിന്റേതാണ് നടപടി. മൈസൂരിലെ ഫാം ഹൗസിൽ നിന്നാണ് താരത്തെ അറസ്റ്റ് ചെയ്തത്.

ദർശനുമായി അടുപ്പമുള്ള നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലായിരുന്നു കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. മൈസൂരുവിലെ ഫാംഹൗസിൽ നിന്നാണ് ദർശനെ പൊലീസ് പിടികൂടിയത്. ഓടയിൽനിന്ന് ഒരു മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നതു കണ്ടവരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേണുകസ്വാമിയുടെ മൃതദേഹമാണിതെന്നും കൊലപാതകമാണെന്നും കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് 10 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഗിരിനഗർ സ്വദേശികളായ മൂന്നു പേർ പൊലീസിൽ കീഴടങ്ങിയിരുന്നു. രേണുകസ്വാമിയെ ദർശന്റെ വീട്ടിൽവച്ചാണ് മർദിച്ച് കൊന്നതായി ഇവർ മൊഴി നൽകിയിരുന്നു. ഇതാണ് കേസിൽ നിർണായകമായത്. തുടർന്ന് മൃതദേഹം പാലത്തിനു കീഴിൽ ഉപേക്ഷിക്കുകയായിരുന്നു. ദർശന്റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി അശ്ലീല സന്ദേശം അയച്ചിരുന്നു. ഇവരുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇയാൾ അശ്ലീല സന്ദേശം അയച്ചത്. ഇക്കാര്യം അറിഞ്ഞ ദർശൻ, ചിത്രദുർഗയിൽ തന്റെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായ വ്യക്തിയെ ബന്ധപ്പെട്ടു. ഇവരാണ് ദർശന്റെ നിർദേശപ്രകാരം രേണുകസ്വാമിയെ നഗരത്തിൽ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നു.