ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ; എൻഡിഎ സർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി പരിഷ്‌കരിച്ചേക്കും

ന്യൂഡൽഹി: പങ്കാളിത്ത പെൻഷൻ പദ്ധതി എൻഡിഎ സർക്കാർ പരിഷ്‌കരിച്ചേക്കും. അവസാനം ലഭിച്ച അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്ന രീതിയിലായിരിക്കും പരിഷ്‌ക്കരണം നടക്കുക. പഴയ പെൻഷൻ പദ്ധതിയിലേക്ക് തിരിച്ചുപോകാതെ എൻപിഎസ് പ്രകാരം പെൻഷൻ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ 2023 മാർച്ചിൽ ടി വി സോമനാഥന്റെ അധ്യക്ഷനായ സമിതിയെ മോദി സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആന്ധ്രയിൽ നടപ്പാക്കിയ എൻപിഎസ് മാതൃകയാകും ഇതിനായി പരിഗണിക്കുകയെന്നാണ് റിപ്പോർട്ടുകൾ. അതുപ്രകാരം സേവന വർഷവും അതിനിടെയുള്ള പിൻവലിക്കലും പരിഗണിച്ച് അവസാന ശമ്പളത്തിന്റെ 40 മുതൽ 50 ശതമാനം വരെ ഉറപ്പുള്ള പെൻഷൻ നൽകാനാണ് ശ്രമം. പെൻഷനായി സമാഹരിച്ച തുകയിൽ കുറവുണ്ടായാൽ ബജറ്റ് വിഹിതത്തിൽ നിന്ന് നൽകാനാണ് നിർദേശം.

പെൻഷൻ പരിഷ്‌കരണം പദ്ധതി നടപ്പാകുകയാണെങ്കിൽ മൂന്നാം മോദി സർക്കാരിന്റെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നായിരിക്കുമിതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ പദ്ധതിയുടെ നേട്ടം ലഭിക്കുക 2004ന് ശേഷം ജോലിയിൽ പ്രവേശിച്ച 87 ലക്ഷത്തോളം പേർക്കായിരിക്കും.

പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പലതും പഴയ പെൻഷൻ പദ്ധതിയിലേക്ക് പോകുകയും അത് വോട്ടർമാരെ സ്വാധീനിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഗ്യാരണ്ടീഡ് പെൻഷൻ നൽകാൻ സർക്കാർ നീക്കം. നിലവിൽ ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിലതെങ്കിലും എൻപിഎസിലേക്ക് തിരികെവരാൻ സാധ്യതയുണ്ട്.

നിലവിലെ എൻപിഎസ് മാനദണ്ഡ പ്രകാരം കേന്ദ്ര സർക്കാരിന്റെ വിഹിതം 14 ശതമാനമാണ്. ജീവനക്കാർ 10 ശതമാനവും എൻപിഎസിലേക്ക് അടക്കണം. പെൻഷനാകുമ്പോൾ അതുവരെയുള്ള നിക്ഷേപത്തിൽ നിന്ന് 40 ശതമാനം പെൻഷൻ ലഭിക്കുന്നതിനായി ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കണം. ഇതിൽനിന്നാണ് പെൻഷൻ ലഭിക്കുക. ബാക്കിയുള്ള 60 ശതമാനം ജീവനക്കാർക്ക് പിൻവലിക്കാം. ഈ തുകയ്ക്ക് ആദായ നികുതി ബാധ്യതയില്ല.