കള്ളപ്പണം ഇടപാടുകൾ; പറവ ഫിലിംസിനെതിരെ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ്

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുടെ നിർമാതാക്കളായ പറവ ഫിലിംസിനെതിരെ അന്വേഷണം നടത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പറവ ഫിലിംസ് കള്ളപ്പണം ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം നടത്തുക. ഇതുമായി ബന്ധപ്പെട്ട് നടൻ സൗബിൻ ഷാഹിർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.

കഴിഞ്ഞയാഴ്ച ഇഡി ഇസിഐആർ റജിസ്റ്റർ ചെയ്തിരുന്നു. പറവ ഫിലിംസിന്റെ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നെങ്കിലും ഇവർ ഹാജരായില്ലെന്നാണ് സൂചന. ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകും.

നേരത്തേ സിനിമയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തതിലും പറവ ഫിലിംസിനെതിരെ കേസുണ്ട്. ഏഴുകോടി രൂപ സിനിമയ്ക്കായി മുടക്കിയാൽ 40 % ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത ശേഷം വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി അരൂർ സ്വദേശി സിറാജ് വലിയതറ ഹമീദ് നൽകിയ കേസിൽ നിർമാതാക്കൾ തട്ടിപ്പ് നടത്തിയെന്ന് കേസന്വേഷിച്ച മരട് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.