കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. റോഡെന്നാൽ വാഹനമോടിക്കുന്ന ഭാഗം മാത്രമല്ല ഫുട്പാത്ത് കൂടി ചേർന്നതാണെന്നും കോടതി വ്യക്തമാക്കി.

കൊച്ചി പാലാരിവട്ടത്ത് ഫുട്പാത്തിലെ സ്ലാബിനിടെയിൽ സ്ത്രീയുടെ കാൽ അകപ്പെട്ട സംഭവത്തിൽ സർക്കാരിനോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സർക്കാർ സർക്കാർ നൽകിയ വിശദീകരണത്തിലാണ് കോടതിയുടെ മറുപടി. വാഹനമോടിക്കാനുള്ള ഭാഗമാണ് റോഡെന്നു കരുതി കുഴികൾ അടച്ചതുകൊണ്ട് മാത്രം കാര്യമില്ല. റോഡ് കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണെന്നും ഈ നൂറ്റാണ്ടിലും ഇത്തരം റോഡുകൾ ഉള്ളത് നാണക്കേടാണെന്നും കോടതി അറിയിച്ചു.

ഫുട്പാത്തിലെ സ്ലാബിനിടയിൽ കാൽ കുടുങ്ങിയ സ്ത്രീ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്നും കോടതി പരാമർശിച്ചു. എംജി റോഡിലേതടക്കമുള്ള ഫുട്പാത്തുകളിലെ സ്ലാബുകൾ നന്നാക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് സർക്കാർ കോടതിയിൽ വിശദീകരിച്ചത്. പാലാരിവട്ടത്ത് അപകടമുണ്ടായ സ്ഥലത്തെ ഭാഗം പ്രത്യേകം അതിര് നിർമിച്ച് സംരക്ഷിച്ചിട്ടുണ്ടെന്നുമാണ് സർക്കാർ കൂട്ടിച്ചേർത്തു.