കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന കർശന നിർദേശം നൽകി സീറോ മലബാർ സഭ. ജൂലൈ 3നു ശേഷം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്കു പുറത്തായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തയും മേജർ ആർച്ച് ബിഷപ്പുമായ മാർ റാഫേൽ തട്ടിലും അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായി പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂൺ 16 ഞായറാഴ്ച അതിരൂപതയിലെ എല്ലാ പള്ളികളിലും ഈ സർക്കുലർ വായിക്കണമെന്നും നിർദ്ദേശവും മുന്നോട്ടുവെച്ചിട്ടുണ്ട്.
ഏകീകൃത കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്നു ഫ്രാൻസിസ് മാർപാപ്പ രണ്ടുതവണ കത്തുകളിലൂടെയും ഒരു തവണ വിഡിയോ സന്ദേശത്തിലൂടെ നേരിട്ടും ആവശ്യപ്പെട്ടതാണെന്നു സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഏകീകൃത കുർബാന അർപ്പിക്കണമെന്ന ഉത്തരവ് പാലിക്കാത്ത വൈദികർക്ക് ജൂലൈ നാലാം തീയതി മുതൽ പൗരോഹിത്യ ശുശ്രൂഷയിൽ നിന്നു വിലക്കേർപ്പെടുത്തും. ഇത് എല്ലാ വൈദികർക്കും ബാധകമായിരിക്കും. വിലക്കേർപ്പടുത്തുന്ന വൈദികർ കാർമികരായി നടത്തുന്ന വിവാഹങ്ങൾക്കു സഭയുടെ അംഗീകാരം ഉണ്ടാകില്ലെന്നും സർക്കുലറിൽ വിശദമാക്കിയിട്ടുണ്ട്.

