കോഴിക്കോട്: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വക്കേറ്റ് ഹാരിസ് ബീരാനെ തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് നേതാക്കൾ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് മണിക്ക് നോമിനേഷൻ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നാണ് തീരുമാനമെന്നും നേതാക്കൾ അറിയിച്ചു. രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തെരഞ്ഞെടുത്തതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. എറണാകുളം ആലുവ സ്വദേശിയാണ് ഹാരിസ് ബീരാൻ. സുപ്രീംകോടതി അഭിഭാഷകനാണ് അദ്ദേഹം. 2011 മുതൽ ഡൽഹി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കൺവീനർ, മുസ്ലിം ലീഗ് ഭരണഘടനാ സമിതി അംഗം കൂടിയാണ്. പൗരത്വ നിയമഭേദഗതി ഉൾപ്പടെയുള്ള പാർട്ടിയുടെ മുഴുവൻ കേസുകളും ഡൽഹി കേന്ദ്രീകരിച്ചു സുപ്രീംകോടതിയിൽ ഏകോപിപ്പിക്കുന്നത് ഹാരിസ് ബീരാനാണ്.
പൗരത്വ വിവേചന കേസ്സിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുൽ നാസർ മഅദനിയുടെ കേസുകൾ, ജേർണലിസ്റ്റ് സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങിയ വ സുപ്രീം കോടതിയിൽ അദ്ദേഹം വാദിച്ചിരുന്നു.

