ഹൈദരാബാദ്: പ്രമുഖ വ്യവസായിയും റാമോജി ഗ്രൂപ്പ് തലവനുമായ റാമോജി റാവു അന്തരിച്ചു. 87 വയസായിരുന്നു. രക്തസമ്മർദ്ദം, ശ്വാസതടസം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൺ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് റാമോജി റാവു.
നിർമ്മാതാവ്, വിദ്യാഭ്യാസ, പത്രപ്രവർത്തകൻ, മാദ്ധ്യമ സംരംഭകൻ എന്നീ നിലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അദ്ദേഹംയ. മാർഗദർസി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് സ്‌കൂൾ, പ്രിയ ഫുഡ്സ്, ഉഷാകിരൺ മൂവീസ് എന്നിവ റാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിൽ ഉൾപ്പെടുന്നു.
രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച വ്യക്തി കൂടിയാണ്‌റാമോജി റാവു. തെലുങ്ക് സിനിമയിൽ നാല് ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.

