നാരായൺപൂർ: സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഛത്തീസ്ഗഡിലെ നാരായൺപൂർ-ദന്തേവാഡ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 5 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മൂന്ന് ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്തു.
സുരക്ഷാസേന നക്സൽ വിരുദ്ധ ഓപ്പറേഷനായി പുറത്തുപോയതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നാരായൺപൂർ ഓർച്ചയിലെ ഗോബൽ വില്ലേജിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. ഐടിബിപിയുടെ 45-ാം ബറ്റാലിയൻ സേനാംഗങ്ങളും നാരായൺപൂർ, ദന്തേവാഡ, ബസ്തർ ജില്ലകളിലെ നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായ പോലീസുകാരുമാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. ഇരുഭാഗത്ത് നിന്നും വെടിയൊച്ച നിർത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് അഞ്ച് മാവോയിസ്റ്റുകളുടെ മൃതശരീരം കണ്ടെത്തിയത്.
കഴിഞ്ഞ മെയ് 23 ന് ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 7 മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 10 ന് ബിജാപൂരിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിലും 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

