കങ്കണ റണാവത്തിന് വിമാനത്താവളത്തിൽ വച്ച് മർദ്ദനമേറ്റതായി പരാതി; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി: നടിയും നിയുക്ത ബിജെപി എംപിയുമായ കങ്കണ റണാവത്തിന് മർദ്ദനമേറ്റതായി പരാതി. വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയെ മർദ്ദിച്ചുവെന്നാണ് പരാതി. ചണ്ഡിഗഢ് വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. ഡൽഹിയിലേക്കുള്ള യാത്രയ്ക്കായി ചണ്ഡിഗഢ് വിമാനത്താവളത്തിൽ കങ്കണ എത്തിയപ്പോഴാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ട്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവിന്ദർ കൗറാണ് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള നിയുക്ത എംപി കങ്കണയെ മർദ്ദിച്ചതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ മുൻപ് നടത്തിയ പ്രസ്താവനയാണ് മർദ്ദനത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.

പ്രസ്താവന സംബന്ധിച്ച് കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദ്ദിക്കുകയായിരുന്നുമെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. കങ്കണ ബോർഡിംഗ് ഏരിയയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി അധികൃതർ സസ്‌പെൻഡ് ചെയ്തു. അതേസമയം, വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകുമെന്ന് കങ്കണ പറഞ്ഞു.