തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ അവസാനം വരെ സസ്‌പെൻസ് നിറഞ്ഞ മണ്ഡലമായിരുന്നു ആറ്റിങ്ങൽ. ശക്തമായ ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് ആറ്റിങ്ങൽ മണ്ഡലത്തിൽ വിജയ കിരീടം അണിഞ്ഞു. 1708 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെ അടൂർ പ്രകാശ് പരാജയപ്പെടുത്തുകയായിരുന്നു.
വോട്ട് സംബന്ധിച്ച കണക്കുകൾ പുറത്തു വരുമ്പോൾ സ്വന്തം ബൂത്തിൽ പോലും കനത്ത തിരിച്ചടിയാണ് വി ജോയ് നേരിട്ടതെന്നാണ് മനസിലാക്കാൻ കഴിയുന്നത്. വി. ജോയിയുടെ ബൂത്തായ ചിറയൻകീഴ് നിയമസഭ മണ്ഡലത്തിലെ അഴൂർ 156-ാം നമ്പർ ബൂത്തിൽ 24 വോട്ടിന് ബിജെപി മുന്നിലെത്തിയിരുന്നു. ഇവിടെ ബിജെപി 294 വോട്ടും എൽഡിഎഫ് 270 വോട്ടും യുഡിഎഫ് 108 വോട്ടും നേടി. ഇതേ വാർഡിലെ രണ്ടാമത്തെ ബൂത്തിൽ 40 വോട്ടിന്റെ ലീഡും ബിജെപി നേടിയിരുന്നു. ഇവിടെ ബിജെപി 249 വോട്ടും എൽഡിഎഫ് 209 വോട്ടും യുഡിഎഫ് 137 വോട്ടുമാണ് കരസ്ഥമാക്കിയത്.
പാർട്ടി ശക്തി കേന്ദ്രമായി കാണുന്ന ആറ്റിങ്ങൽ നിയമസഭ മണ്ഡലത്തിൽ ബിജെപി മൂന്നിലെത്തിയതിനൊപ്പം മണ്ഡലത്തിലെ സിപിഎം എംഎൽഎയായ ഒ എസ് അംബികയുടെ ബൂത്തായ കോരാണിയിലും ബിജെപി 80 വോട്ടിന് മുന്നിലായിരുന്നു.

