തൃശൂർ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകും; കൊച്ചി മെട്രോ നീട്ടാൻ ശ്രമം നടത്തുമെന്ന് സുരേഷ് ഗോപി

തൃശൂർ: തൃശൂർ പൂരം നടത്തുന്നതിന് പുതിയ രീതിയുണ്ടാകുമെന്ന് സുരേഷ് ഗോപി. ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂർ കമ്മിഷണറെയും കലക്ടറെയും ഒരു കാരണവശാലും മാറ്റാൻ അനുവദിക്കരുത്. അവരുടെ സാന്നിധ്യത്തിൽ പൂരം ശുദ്ധീകരിക്കുമെന്നും ഇന്നലെ ഇക്കാര്യങ്ങൾ കലക്ടറുമായി സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിനായി പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കും. തൃശൂരിലെ തിരക്ക് ഒഴിവാക്കാൻ പുതിയ റോഡ് പദ്ധതി ആവിഷ്‌ക്കരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. കേരളത്തിനും തമിഴ്‌നാടിനും ഒരുപോലെ കാര്യങ്ങൾ ചെയ്യുന്ന എംപിയായി മാറാൻ ശ്രമിക്കും. കൊച്ചി മെട്രോ നീട്ടാൻ ശ്രമം നടത്തും. അതിനു പഠനം നടത്തേണ്ടതുണ്ട്. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനായി കുറേ നാളായി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മെട്രോ അവരുടെ അംബാസിഡറാക്കാൻ നീക്കം നടത്തിയപ്പോൾ ചിലർ ‘ചാണകം’ എന്നു പരിഹസിച്ചു. ഇനി ചാണകത്തെ ലോക്‌സഭയിൽ അവർ സഹിക്കട്ടെയെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.